കൊൽക്കത്ത: ഇന്ത്യൻ നാവികസേനയുടെ ശേഷി വർധിപ്പിക്കുന്ന മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെ സ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് കമ്മിഷൻ ചെയ്തു. ഐ.എൻ.എസ്. ദുനഗിരി, ഐ.എൻ.എസ്. സൻശോധക്, ഐ.എൻ.എസ്. അഗ്രയ് എന്നിവയാണ് സേവനത്തിലേക്ക് ചേർത്തത്.
പ്രോജക്ട് 17A വിഭാഗത്തിലെ സ്റ്റെൽത്ത് ഫ്രിഗേറ്റായ ദുനഗിരി, സമുദ്ര സർവേയ്ക്കുള്ള സൻശോധക്, തീരപ്രദേശങ്ങളിലെ അന്തർവാഹിനി ഭീഷണികളെ നേരിടുന്നതിനുള്ള ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ അഗ്രയ് എന്നിവ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിച്ചത്.
ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, സമുദ്രസുരക്ഷ ഇന്ത്യയുടെ വികസനത്തിനും സാമ്പത്തിക പുരോഗതിക്കും നിർണായകമാണെന്ന് പറഞ്ഞു. പ്രതിരോധ ഉൽപ്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യം മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

