മിയാമി: സാധാരണ കുട്ടികൾ ബിരുദ പഠനത്തിനായി കോളേജിലേക്ക് പ്രവേശിക്കുന്ന പതിനെട്ടാം വയസ്സിൽ എൻജിനീയറിങ് പ്രൊഫസറായി ചുമതലയേറ്റ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നാഥൻ തോമസ് എന്ന അത്ഭുത യുവാവ്. 18 വയസ്സും 346 ദിവസവും പ്രായമുള്ളപ്പോൾ മിയാമി ഡേഡ് കോളേജിൽ എൻജിനീയറിങ് ഇൻസ്ട്രക്ടറായി ചുമതലയേറ്റ നാഥൻ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെയിൽ പ്രൊഫസർ എന്ന ഗിന്നസ് ലോക റെക്കോർഡാണ് സ്വന്തമാക്കിയത്.
1717-ൽ തൻ്റെ 19-ാം വയസ്സിൽ മാത്തമാറ്റിക്‌സ് പ്രൊഫസറായ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ കോളിൻ മക്ലോറിൻ സ്ഥാപിച്ച 306 വർഷം പഴക്കമുള്ള ചരിത്ര റെക്കോർഡാണ് നാഥൻ മറികടന്നത്. പത്താം വയസ്സിൽ തന്നെ ‘ഡ്യുവൽ എൻറോൾമെന്റ്’ പ്രോഗ്രാം വഴി കോളേജ് കോഴ്‌സുകൾ പഠിച്ചുതുടങ്ങിയ നാഥൻ, 14-ാം വയസ്സിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടി. തുടർന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഉയർന്ന മാർക്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കുകയായിരുന്നു.
താൻ ഒരിക്കൽ വിദ്യാർത്ഥിയായി പഠിച്ച മിയാമി ഡേഡ് കോളേജിലേക്ക് തന്നെ പിന്നീട് അധ്യാപകനായി തിരിച്ചെത്താനായതിൽ സന്തോഷമുണ്ടെന്ന് നാഥൻ പറഞ്ഞു. നിലവിൽ ‘സി ഫോർ എൻജിനീയേഴ്‌സ്’ (COP 2270) എന്ന പ്രോഗ്രാമിംഗ് കോഴ്‌സാണ് നാഥൻ പഠിപ്പിക്കുന്നത്. തന്നേക്കാൾ പ്രായമുള്ളവരും ഒരേ പ്രായത്തിലുള്ളവരുമായ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിൽ പ്രായ വ്യത്യാസം ഒരു തടസ്സമായി തോന്നിയിട്ടില്ലെന്ന് ഈ യുവ പ്രൊഫസർ വ്യക്തമാക്കുന്നു.

