പ്രിയദർശിനി പദ്ധതി റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി പദ്ധതി’ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സർക്കാരിനായി അഡ്വക്കേറ്റ് ജനറൽ നേരിട്ട് കോടതിയിൽ ഹാജരാകും.യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളോ സാമ്പത്തിക ആഘാത വിലയിരുത്തലുകളോ നടത്താതെയാണ് ഈ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതെന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പൊതുജനാഭിപ്രായം രൂപീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും രാഷ്ട്രീയ നേട്ടത്തിനായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കുകയാണുണ്ടായതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഈ പദ്ധതി വഴി സംസ്ഥാന സർക്കാരിന് പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും, ഇത് സംസ്ഥാനത്തിന് താങ്ങാൻ പറ്റാത്ത ഭാരമായി മാറുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ, കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ പദ്ധതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *