രാഘവ് ഛദ്ദയുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചു; തൊട്ടുപിന്നാലെ ‘ഇസഡ്’ കാറ്റഗറി സുരക്ഷയുമായി കേന്ദ്രം

ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) നേതൃത്വവുമായി രാഘവ് ഛദ്ദ അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടെ അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ. പഞ്ചാബ് പോലീസ് നൽകി വന്നിരുന്ന ‘ഇസഡ് പ്ലസ്’ (Z+) കാറ്റഗറി സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചതിന് തൊട്ടുപിന്നാലെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് ‘ഇസഡ്’ (Z) കാറ്റഗറി സുരക്ഷ അനുവദിച്ചു

ഭഗവന്ത് മാൻ സർക്കാർ രാഘവ് ഛദ്ദയ്ക്ക് നൽകിയിരുന്ന ഉയർന്ന സുരക്ഷാ പരിരക്ഷയായ ഇസഡ് പ്ലസ് കാറ്റഗറി കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരോട് ഉടൻ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചു.പഞ്ചാബ് സുരക്ഷ പിൻവലിച്ച് മണിക്കൂറുകൾക്കകം തന്നെ കേന്ദ്ര സർക്കാർ ഛദ്ദയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനിച്ചു. ഇന്റലിജൻസ് ബ്യൂറോയുടെ (IB) ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സി.ആർ.പി.എഫ് അല്ലെങ്കിൽ മറ്റ് അർദ്ധസൈനിക വിഭാഗങ്ങളായിരിക്കും ഇനി അദ്ദേഹത്തിന് സുരക്ഷയൊരുക്കുക.

രാജ്യസഭയിലെ എ.എ.പിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ഛദ്ദയെ നീക്കി പകരം അശോക് മിത്തലിനെ നിയമിച്ചതിന് പിന്നാലെയാണ് ഈ നടപടികൾ. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും ഛദ്ദ ബി.ജെ.പി നേതൃത്വവുമായി അടുക്കുന്നു എന്ന സൂചനകളും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു

ഡൽഹിയിലും പഞ്ചാബിലും അദ്ദേഹത്തിന് കേന്ദ്ര സുരക്ഷാ പരിരക്ഷ ലഭ്യമാകും. ഡൽഹി പോലീസ് താൽക്കാലികമായി സുരക്ഷാ ചുമതലയേൽക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *