ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ നിർണ്ണായക നിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ജാതി, വർഗ്ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ക്ഷേത്രപ്രവേശനത്തിന് വിലക്കേർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അത്തരം ലിംഗവിവേചനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ബോർഡ് കോടതിയെ അറിയിച്ചു.ഓരോ സമുദായത്തിനും അവരുടെ ആചാരങ്ങൾ തീരുമാനിക്കാൻ അവകാശമുണ്ടെന്ന നായർ സർവീസ് സൊസൈറ്റിയുടെ (NSS) വാദത്തെ ദേവസ്വം ബോർഡ് ശക്തമായി എതിർത്തു. ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയാണ് ഈ വാദങ്ങൾ നിരത്തിയത്.
ഭരണഘടനയുടെ 25(2)(ബി) അനുച്ഛേദം അനുസരിച്ച് പൊതുസ്വഭാവമുള്ള ഹൈന്ദവ ആരാധനാലയങ്ങളിൽ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രവേശനം നൽകാൻ സർക്കാരിന് അധികാരമുണ്ട്. മതവിഭാഗങ്ങളുടെ സ്വയംഭരണ അവകാശം (അനുച്ഛേദം 26) ഉപയോഗിച്ച് ഈ പ്രവേശനത്തെ തടയാനാവില്ലെന്ന് സിംഗ്‌വി വാദിച്ചു.ക്ഷേത്രത്തിനുള്ളിലെ ആചാരങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അവകാശമുണ്ടെങ്കിലും, അത് പ്രവേശനം തന്നെ തടയുന്ന രീതിയിലേക്ക് മാറരുതെന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചത്.
വാദത്തിനിടെ, സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ ഒരു മതത്തിന്റെ അന്തഃസത്ത ഇല്ലാതാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന നിരീക്ഷിച്ചു. ക്ഷേത്രപ്രവേശനത്തിനുള്ള അവകാശവും ആചാരങ്ങൾ പാലിക്കാനുള്ള അവകാശവും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ നിലനിർത്താം എന്നതിലാണ് കോടതി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.എൻ.എസ്.എസിന് പുറമേ മറ്റ് ചില ക്ഷേത്ര സംഘടനകളും ആചാര സംരക്ഷണത്തിനായി വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. ഏപ്രിൽ ആദ്യവാരം ആരംഭിച്ച ഈ വാദങ്ങൾ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

