നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറണം; ഹർജി തള്ളി യൂറോപ്യൻ മനുഷ്യാവകാശ കോടതി

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെയുള്ള അവസാന നിയമപോരാട്ടത്തിലും തിരിച്ചടി. തന്നെ ഇന്ത്യയ്ക്ക് വിട്ടുനൽകരുതെന്നാവശ്യപ്പെട്ട് നീരവ് മോദി സമർപ്പിച്ച ഹർജി ഫ്രാൻസിലെ സ്ട്രാസ്ബർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതി (ECHR) തള്ളി. ഇതോടെ നീരവിനെ ഇന്ത്യയിലെത്തിക്കാനുള്ള നിയമതടസ്സങ്ങൾ പൂർണ്ണമായും നീങ്ങിയിരിക്കുകയാണ്.​താൻ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുമെന്നും കൃത്യമായ ചികിത്സ ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. എന്നാൽ ഇന്ത്യ നൽകിയ സുരക്ഷാ ഉറപ്പുകൾ തൃപ്തികരമാണെന്നും നീരവ് മോദിയുടെ അവകാശങ്ങൾ ലംഘിക്കപ്പെടില്ലെന്നും കോടതി നിരീക്ഷിച്ചു. ലണ്ടൻ ഹൈക്കോടതി നേരത്തെ നീരവിന്റെ അപ്പീൽ തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം യൂറോപ്യൻ കോടതിയെ സമീപിച്ചത്.​ഇന്ത്യയിലെത്തിച്ചാൽ മുംബൈയിലെ ആർതർ റോഡ് ജയിലിലെ പ്രത്യേക ബാരക്കിലായിരിക്കും നീരവ് മോദിയെ പാർപ്പിക്കുക. ഇവിടെ ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുമെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സംയുക്തമായാണ് നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്. 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് മോദി രാജ്യം വിട്ടത്. നിലവിൽ ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിലാണ് ഇയാൾ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *