റഷ്യൻ എണ്ണ വാങ്ങാൻ നൽകിയ ഇളവുകൾ അമേരിക്ക റദ്ദാക്കി; ഇന്ത്യക്കും തിരിച്ചടിയായേക്കാം

വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് താൽക്കാലികമായി നൽകിയിരുന്ന പൊതു ലൈസൻസുകൾ ഇനി ലഭ്യമാകില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.​കഴിഞ്ഞ മാർച്ചിൽ പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവിപണിയിൽ ഉണ്ടായ അസ്ഥിരത പരിഗണിച്ചാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് അനുവദിച്ചിരുന്നത്. എന്നാൽ ഏപ്രിൽ 11-ഓടെ ഈ കാലാവധി അവസാനിച്ചതായും അത് നീട്ടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അമേരിക്ക അറിയിച്ചു. മാർച്ച് 11-ന് മുമ്പ് കപ്പലുകളിൽ കയറ്റിയ എണ്ണക്ക് മാത്രമായിരുന്നു ഈ ഇളവ് ബാധകമായിരുന്നത്.​ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ ആഗോള എണ്ണവില വർദ്ധിക്കുന്നത് തടയാനാണ് ട്രംപ് ഭരണകൂടം താൽക്കാലിക ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്. ഈ ഇളവ് പ്രയോജനപ്പെടുത്തി മാർച്ച് മാസത്തിൽ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വലിയ തോതിൽ വർദ്ധിപ്പിച്ചിരുന്നു. ലോകത്ത് റഷ്യൻ ഇന്ധനങ്ങളുടെ രണ്ടാമത്തെ വലിയ വാങ്ങലുകാരായി ഇന്ത്യ മാറിയ സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ പുതിയ തീരുമാനം വരുന്നത്.​ഇളവുകൾ റദ്ദാക്കുന്നത് ഇന്ത്യൻ എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് തിരിച്ചടിയായേക്കാം. ഇറക്കുമതിക്കായി അമേരിക്കയുടെ മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തിയെങ്കിലും ഇളവുകൾ പുതുക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. ഇതോടെ വരും ദിവസങ്ങളിൽ ആഗോള വിപണിയിൽ എണ്ണലഭ്യത കുറയുന്നതിനും വില വർദ്ധിക്കുന്നതിനും ഇത് കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *