ചണ്ഡീഗഡ്: പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് എട്ട് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു. വൈശാഖി ആഘോഷങ്ങളുടെ ഭാഗമായി ആനന്ദ്പൂർ സാഹിബിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫത്തേഗഡ് സാഹിബിലെ ബസ്സി പത്താന പ്രദേശത്തെ മോറിൻഡ-ചുന്നി റോഡിൽ ഹിമ്മത്പുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്.പ്രാഥമിക അന്വേഷണമനുസരിച്ച്, ബസ്സിന് ഉണ്ടായ സാങ്കേതിക തകരാർ (mechanical fault) ആണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ബസ്സിന്റെ ആക്സിൽ ഒടിഞ്ഞതാകാം അപകടകാരണമെന്ന് ദൃക്സാക്ഷികൾ സൂചിപ്പിക്കുന്നു
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ മോറിൻഡയിലെയും ഫത്തേഗഡ് സാഹിബിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ചണ്ഡീഗഡിലെ പി.ജി.ഐ.എം.ഇ.ആർ (PGIMER) ആശുപത്രിയിലേക്ക് മാറ്റി.

