തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫിനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട കനത്ത തിരിച്ചടിയിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷനും സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
“വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ…. പോ മോനെ വിജയ എന്നല്ല, ഇറങ്ങി പോ വിജയ…..” എന്നാണ് രാഹുൽ കുറിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രിയും ഇടതുപക്ഷ നേതാക്കളും നടത്തിയ ചില പരാമർശങ്ങളെ മുൻനിർത്തിയാണ് രാഹുലിന്റെ ഈ പരിഹാസമെന്ന് വിലയിരുത്തപ്പെടുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിലായതും യു.ഡി.എഫ് നൂറിനടുത്ത് സീറ്റുകളിൽ ലീഡ് ഉയർത്തിയതും ചൂണ്ടിക്കാട്ടിയാണ് ഈ പോസ്റ്റ്.
സംസ്ഥാനത്ത് യു.ഡി.എഫ് വൻ തരംഗം സൃഷ്ടിക്കുമ്പോൾ, പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമായതിന്റെ സൂചനയായാണ് ഈ ഫലങ്ങളെന്നും ജനങ്ങൾ കൃത്യമായ മറുപടി നൽകിക്കഴിഞ്ഞുവെന്നുമാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്

