പറവൂർ: വോട്ടെണ്ണലിൽ തുടക്കത്തിൽ പിന്നിലായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായ തിരിച്ചുവരവ് നടത്തുന്നു. നിലവിലെ വോട്ടെണ്ണൽ സൂചനകൾ പ്രകാരം പറവൂർ മണ്ഡലത്തിൽ സതീശൻ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു.
തപാൽ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ നേരിട്ട തിരിച്ചടിക്ക് പിന്നാലെ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെയാണ് സതീശൻ നില മെച്ചപ്പെടുത്തിയത്. യു.ഡി.എഫ് സംസ്ഥാനത്താകെ വൻ മുന്നേറ്റം നടത്തുമ്പോഴും സതീശൻ പിന്നിലായത് പ്രവർത്തകർക്കിടയിൽ ആശങ്ക പരത്തിയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം മുന്നിലെത്തിയത് യു.ഡി.എഫ് ക്യാമ്പുകളിൽ ആശ്വാസമായിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ യു.ഡി.എഫ് 90-ലേറെ സീറ്റുകളിൽ ലീഡ് ഉയർത്തുകയാണ്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനടക്കം ഭൂരിഭാഗം മന്ത്രിമാരും ഇപ്പോഴും പിന്നിൽ തന്നെ തുടരുന്നത് എൽ.ഡി.എഫിനെ കനത്ത പ്രതിരോധത്തിലാക്കുന്നുണ്ട്. പറവൂരിലെ ലീഡ് നില വരും റൗണ്ടുകളിൽ കൂടുതൽ വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ.

