തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം, അടുത്ത ദിവസങ്ങളിലും ചില ജില്ലകളിൽ യെല്ലോ അലർട്ട് തുടരാനാണ് സാധ്യത. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജ്യത്ത് ഈ മാസം സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. മഴയും ഇടിമിന്നലും അനുബന്ധമായ അപകടസാധ്യതകൾ കണക്കിലെടുത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

