തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അടിയന്തര യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയതായും രക്ഷാപ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകൾ എത്തിച്ചിട്ടുണ്ടെന്നും എൻഡിആർഎഫ്, പൊലീസ്, അഗ്നിരക്ഷാസേന എന്നിവയെ വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 15 മരണങ്ങളും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി അറിയിച്ചു.
ജൂലൈ 30 മുതൽ തന്നെ സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും പ്രാഥമിക കണക്കുകൾ പ്രകാരം 165 ഹെക്ടർ കൃഷിനാശമുണ്ടായതായും അദ്ദേഹം പറഞ്ഞു. ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നുവെന്ന തരത്തിൽ വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നതായും, പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴെയായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

