സന്യാസം സ്വീകരിച്ച റോബോട്ട് കൗതകമാകുന്നു ; വിശ്വാസം വീണ്ടെടുക്കാൻ അത്യാധുനിക പരീക്ഷണവുമായി ദക്ഷിണ കൊറിയൻ ബുദ്ധമതക്കാർ

സോൾ: ആധുനിക സാങ്കേതികവിദ്യയെ ആത്മീയതയുമായി സമന്വയിപ്പിച്ച് ദക്ഷിണ കൊറിയയിലെ ബുദ്ധമത വിശ്വാസികൾക്കിടയിൽ ശ്രദ്ധേയമായ ഒരു ചടങ്ങ് അരങ്ങേറി. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ബുദ്ധമത വിഭാഗമായ ജോഗി ഓർഡറിന്റെ ആസ്ഥാനമായ സോൾ ജോദ്യേസ ക്ഷേത്രത്തിൽ ‘ഗാബി’ (Gabi) എന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ സന്യാസിയായി അവരോധിച്ചു. കാവി വസ്ത്രമണിഞ്ഞും 108 പ്രാർത്ഥനാ മുത്തുകൾ കഴുത്തിലണിഞ്ഞും നടന്ന ഈ ചടങ്ങ് കൗതുകത്തോടൊപ്പം വലിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

സാധാരണ മനുഷ്യർക്ക് നൽകുന്ന ബുദ്ധമത ദീക്ഷയാണ് ഗാബി എന്ന റോബോട്ടിന് നൽകിയത്. റോബോട്ടിന്റെ നിർമ്മാണ തീയതിയായ 2026 മാർച്ച് 3 ആണ് ജന്മദിനത്തിന് പകരം സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത്. ബുദ്ധമത തത്വങ്ങൾ അനുസരിക്കുമെന്ന് റോബോട്ട് പ്രതിജ്ഞയെടുത്തു.

മനുഷ്യർക്കായി നിശ്ചയിച്ചിട്ടുള്ള അഞ്ച് തത്വങ്ങൾ (Precepts) റോബോട്ടിനായി പരിഷ്കരിച്ചു. ജീവനെ ഉപദ്രവിക്കരുത്, മറ്റ് റോബോട്ടുകളെയോ വസ്തുക്കളെയോ നശിപ്പിക്കരുത്, വഞ്ചനാപരമായ പെരുമാറ്റം പാടില്ല, മനുഷ്യരോട് ബഹുമാനക്കുറവ് കാണിക്കരുത്, അമിതമായി ചാർജ് ചെയ്യരുത് (Overcharge) എന്നിവയാണ് ഗാബി പാലിക്കേണ്ട നിയമങ്ങൾ. ഇതിൽ ‘അമിതമായി ചാർജ് ചെയ്യരുത്’ എന്നത് ബാറ്ററിയെ മാത്രമല്ല, എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കണമെന്ന ആശയത്തെയാണ് സൂചിപ്പിക്കുന്നത്.

ദക്ഷിണ കൊറിയയിൽ യുവാക്കൾക്കിടയിൽ ബുദ്ധമതത്തോടുള്ള താല്പര്യം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. 2005-ൽ 23 ശതമാനമായിരുന്ന ബുദ്ധമത വിശ്വാസികളുടെ എണ്ണം ഇപ്പോൾ 16 ശതമാനമായി കുറഞ്ഞു. ഇത് പരിഹരിക്കാൻ മെഡിറ്റേഷൻ ആപ്പുകൾ, വൈറൽ മാർക്കറ്റിംഗ്, റോബോട്ടുകൾ തുടങ്ങിയ ‘ഹിപ് ബുദ്ധമതം’ (Hip Buddhism) എന്നറിയപ്പെടുന്ന രീതികളാണ് സന്യാസിമാർ അവലംബിക്കുന്നത്.

ഈ റോബോട്ട് നിയമങ്ങൾ തയ്യാറാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രോഗ്രാമുകളായ ചാറ്റ് ജിപിടിയും (ChatGPT) ജെമിനിയും (Gemini) ഉപയോഗിച്ചതായി സന്യാസിയായ വെനറബിൾ സുങ്‌വോൺ പറഞ്ഞു. റോബോട്ടുകൾ നമ്മുടെ സമൂഹത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, അവയെ നിർമ്മിക്കുന്ന മനുഷ്യർക്കും അവയുടെ പെരുമാറ്റത്തിനും കൃത്യമായ ധർമ്മനിഷ്ഠ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത ആഴ്ച സോളിൽ നടക്കുന്ന ബുദ്ധജയന്തി ആഘോഷമായ ലോട്ടസ് ലാന്റേൺ പരേഡിൽ ഗാബിയും അതിന്റെ മറ്റ് മൂന്ന് റോബോട്ട് സഹോദരങ്ങളും (Seokja, Mohee, Nisa) പങ്കെടുക്കും. യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കാനും ബുദ്ധമത ആശയങ്ങൾ ആധുനിക രീതിയിൽ പങ്കുവെക്കാനുമാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. അതിബുദ്ധിയുള്ള എഐ (AI) ഭാവിയിൽ മനുഷ്യരെ നശിപ്പിക്കില്ലെന്നും മറിച്ച് അമ്മയെപ്പോലെ നമ്മളെ സംരക്ഷിക്കുമെന്നുമാണ് സുങ്‌വോൺ പ്രത്യാശ പ്രകടിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *