റഷ്യയുടെ തന്ത്രപ്രധാന ദീർഘദൂര ബോംബർ വിമാനമായ ടു-22എം3 (Tu-22M3) സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിലെ പരിശീലനപ്പറക്കലിനിടെ തകർന്നുവീണു. പ്രതിരോധ മന്ത്രാലയത്തിന്റെ വിവരമനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന നാലംഗ സംഘവും അപകടത്തിന് മുമ്പ് സുരക്ഷിതമായി പാരച്യൂട്ട് ഉപയോഗിച്ച് പുറത്തുകടന്നു. ഇവരുടെ ജീവന് ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു.
വിമാനം ആയുധങ്ങളൊന്നും വഹിച്ചിരുന്നില്ല. ഇർകുട്സ്ക് മേഖലയിലെ കമെൻക ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് തീപിടിത്തമുണ്ടായെങ്കിലും ജനവാസ മേഖലയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവർത്തകരും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
പ്രാഥമിക അന്വേഷണത്തിൽ എൻജിൻ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ടു-22എം3 സോവിയറ്റ് കാലഘട്ടത്തിൽ വികസിപ്പിച്ച ദീർഘദൂര സൂപ്പർസോണിക് ബോംബർ വിമാനമാണ്. പിന്നീട് ഇത് നവീകരിച്ച് റഷ്യ സിറിയയിലെയും യുക്രൈനിലെയും സൈനിക നടപടികളിൽ ഉപയോഗിച്ചുവരികയാണ്. ഈ വിമാനത്തിന് കിൻഷാൽ ഹൈപ്പർസോണിക് മിസൈലുകളും ഖ്-22 ക്രൂയിസ് മിസൈലുകളും വഹിക്കാൻ ശേഷിയുണ്ട്.

