വാക്ക് പാലിച്ചില്ലെങ്കിൽ ഉപരോധം തുടരും; ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിങ്ടൺ: സമാധാന ധാരണയിലെ വ്യവസ്ഥകൾ ഇറാൻ പാലിച്ചില്ലെങ്കിൽ ഉപരോധം പിൻവലിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിൽ തയ്യാറാക്കിയ ധാരണാപത്രത്തിലെ നിബന്ധനകൾ പൂർണമായി നടപ്പാക്കിയാൽ മാത്രമേ സമുദ്ര ഉപരോധം പൂർണമായി അവസാനിപ്പിക്കൂവെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി.
ധാരണപ്രകാരം ഇറാൻ ഹോർമൂസ് കടലിടുക്കിലൂടെ കപ്പൽഗതാഗതം സാധാരണ നിലയിലാക്കുകയും ആണവായുധം നിർമ്മിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്ന് ഉറപ്പ് നൽകുകയും വേണം. മറുപടിയായി ഇറാനെതിരായ സമുദ്ര ഉപരോധം പിൻവലിക്കാനും മരവിപ്പിച്ചിരുന്ന സാമ്പത്തിക ആസ്തികളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാനും അമേരിക്ക തയ്യാറാണെന്നാണ് ധാരണാപത്രത്തിലുള്ളത്.
അതേസമയം, കരാറിലെ വ്യവസ്ഥകൾ ഇറാൻ ലംഘിക്കുകയോ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ഉപരോധം വീണ്ടും കർശനമായി നടപ്പാക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. കരാറിന്റെ അന്തിമ ഒപ്പുവെപ്പും നടപ്പാക്കലും സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.
അതിനിടെ, ധാരണയ്ക്ക് പിന്നാലെ ഹോർമൂസ് കടലിടുക്കിലെ കപ്പൽഗതാഗതം സാധാരണ നിലയിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഇറാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ കരാറിന്റെ പൂർണമായ നടപ്പാക്കലാണ് തുടർനടപടികൾ നിർണയിക്കുകയെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

