അങ്കാറ: സൗദി അറേബ്യയും തുർക്കിയും തമ്മിൽ വിസാ നിർബന്ധം ഒഴിവാക്കുന്ന കരാർ ഒപ്പുവെക്കാൻ തീരുമാനം എടുത്തതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ അങ്കാറയിലെ കൂടിക്കാഴ്ചയ്ക്കിടെയാണ് കരാർ ഒപ്പിടാൻ സാധ്യതയെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിറാനും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിയും ചേർന്ന് തുർക്കി–സൗദി കോഓർഡിനേഷൻ കൗൺസിൽ യോഗം നയിക്കുന്നതിനിടെയാണ് കരാർ അന്തിമമാക്കുക.
കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും പൗരന്മാർക്ക് പരസ്പരം യാത്ര ചെയ്യാൻ വിസാ ഒഴിവാക്കുകയോ ലളിതമാക്കുകയോ ചെയ്യുന്നതാണ് ലക്ഷ്യം. ചില റിപ്പോർട്ടുകൾ പ്രകാരം ആദ്യം ഡിപ്ലോമാറ്റിക്, പ്രത്യേക പാസ്‌പോർട്ട് ഉടമകൾക്ക് ഈ സൗകര്യം ലഭിക്കാനിടയുണ്ട്.
2018-ലെ ജമാൻ കശോഗി വധക്കേസിനെ തുടർന്ന് തകർന്ന സൗദി–ടർക്കി ബന്ധം കഴിഞ്ഞ വർഷങ്ങളിൽ മെച്ചപ്പെട്ട സാഹചര്യത്തിലാണ് പുതിയ കരാർ മുന്നോട്ട് പോകുന്നത്.ഈ നീക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്രവും സാമ്പത്തികവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും യാത്രാ സൗകര്യം വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

