ഷുഹൈബ് വധക്കേസ്: വിചാരണ തുടങ്ങി; അഞ്ച് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ആയിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിചാരണ ആരംഭിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസിന്റെ കോടതിയിലാണ് കേസിന്റെ സാക്ഷിവിസ്താരം തുടങ്ങിയത്.

സംഭവസമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന ഇ. റിയാസിനെയാണ് ആദ്യ സാക്ഷിയായി വിസ്തരിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളെ റിയാസ് കോടതിയിൽ തിരിച്ചറിഞ്ഞു. ആയുധങ്ങളുമായി എത്തിയ സംഘം ഷുഹൈബിനെ വളഞ്ഞിട്ട് ആക്രമിച്ചതായും അദ്ദേഹം മൊഴിനൽകി.

2018 ഫെബ്രുവരി 18ന് രാത്രി എടയന്നൂരിലെ ഒരു തട്ടുകടയിൽ ചായ കുടിക്കുന്നതിനിടെയാണ് നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത വാഗൺ ആർ കാറിലെത്തിയ സംഘം ഷുഹൈബിനെയും സുഹൃത്തുക്കളെയും ആക്രമിച്ചതെന്ന് സാക്ഷി പറഞ്ഞു. കേസിൽ ഉപയോഗിച്ച രണ്ട് വാളുകളും ഒരു മഴുവും കോടതിയിൽ ഹാജരാക്കിയപ്പോൾ അവയും സാക്ഷി തിരിച്ചറിഞ്ഞു.

സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് നേരത്തെ നിർത്തിവെച്ചിരുന്ന സാക്ഷിവിസ്താരമാണ് ഇപ്പോൾ പുനരാരംഭിച്ചത്. ജൂൺ 14 വരെ വിസ്താരം തുടരുമെന്നാണ് കോടതി അറിയിച്ചത്. കേസിൽ ആകെ 17 പ്രതികളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *