കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; പുഴയോരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം

പാലക്കാട്: ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി. ഇന്ന് (ഓഗസ്റ്റ് 3) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഷട്ടറുകൾ ഉയർത്തിയത്.

97.50 മീറ്റർ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ രാവിലെ 10:50-ഓടെ ജലനിരപ്പ് 96.07 മീറ്ററിൽ എത്തിയിരുന്നു. വരും മണിക്കൂറുകളിൽ മഴ ശക്തമാകുകയാണെങ്കിൽ ആവശ്യാനുസരണം ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നും അധികൃതർ വ്യക്തമാക്കി.

ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പുഴയിൽ ഇറങ്ങുന്നതും മീൻ പിടിക്കുന്നതും ഒഴുക്കുള്ള ഭാഗങ്ങളിലേക്ക് പോകുന്നതും കർശനമായി ഒഴിവാക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *