മുംബൈ: ഇസ്രായേലിൽ ഛത്രപതി ശിവജി മഹാരാജാവിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് മുംബൈയിലെ ഇസ്രായേൽ കോൺസുലേറ്റ് ജനറൽ പ്രഖ്യാപിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതീകാത്മക നീക്കമായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്.
ശിവജി മഹാരാജിന്റെ പാരമ്പര്യത്തെയും നേതൃത്വമികവിനെയും ആദരിക്കുന്നതിനായാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമ നിർമാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി മഹാരാഷ്ട്ര സർക്കാരിന്റെ സഹകരണം തേടിയതായും, അതിന് അനുകൂല പ്രതികരണം ലഭിച്ചതായും ഇസ്രായേൽ കോൺസുൽ ജനറൽ യാനീവ് റെവാച് അറിയിച്ചു.
ശിവജി മഹാരാജിന്റെ രാജാഭിഷേക വാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്രയും ജൂതസമൂഹവും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും ഇന്ത്യ-ഇസ്രായേൽ സൗഹൃദവും പ്രതിഫലിപ്പിക്കുന്ന ഒരു സാംസ്കാരിക സ്മാരകമായി ഈ പ്രതിമ മാറുമെന്നാണ് ഇസ്രായേൽ അധികൃതരുടെ പ്രതീക്ഷ.
ഇസ്രായേലിലെ പൊതുജനങ്ങൾക്ക് ശിവജി മഹാരാജിന്റെ ജീവിതവും സംഭാവനകളും കൂടുതൽ പരിചയപ്പെടുത്താനും ഈ സംരംഭം സഹായിക്കുമെന്നാണ് കോൺസുലേറ്റ് വ്യക്തമാക്കിയത്.

