സിഡ്നി: ഓസ്ട്രേലിയയിലെ പ്രവാസി മലയാളി ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കേണ്ട സുപ്രധാന നാഴികക്കല്ല് പിന്നിട്ട് സിഡ്നി മലയാളി അസോസിയേഷൻ (SydMal) തങ്ങളുടെ അവിസ്മരണീയമായ 50 വർഷത്തെ യാത്ര ആഘോഷിക്കുന്നു. വിദേശമണ്ണിൽ സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളും കൈവിടാതെ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറിക്കൊണ്ട് കഴിഞ്ഞ അരനൂറ്റാണ്ടായി ഈ പ്രസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ ഓരോ മലയാളി സമൂഹത്തിനും അഭിമാനകരമാണ്.
ഓസ്ട്രേലിയയിൽ ഇത്രയും ദീർഘകാലം സജീവമായി പ്രവർത്തിക്കാൻ സംഘടനയെ സഹായിച്ചത് മുൻകാല സാരഥികളുടെയും നിലവിലെ ഭാരവാഹികളുടെയും അംഗങ്ങളുടെയും കഠിനാധ്വാനവും ആത്മാർത്ഥതയുമാണ്. ഈ ചരിത്രനേട്ടത്തോടൊപ്പം കൂട്ടായ്മയെ നയിച്ച മുഴുവൻ പ്രവർത്തകരെയും അഭിനന്ദിക്കുകയും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
സുവർണ്ണ ജൂബിലി വർഷത്തിന് മാറ്റുകൂട്ടിക്കൊണ്ട് സിഡ്നി മലയാളി അസോസിയേഷൻ നിർമ്മിച്ച്, സിഡ്നിയിലെ പ്രതിഭാധനരായ കലാകാരന്മാർ അണിനിരന്ന പ്രത്യേക സുവർണ്ണ ജൂബിലി ഗാനം പുറത്തിറക്കി. പ്രവാസി കൂട്ടായ്മയുടെയും അരനൂറ്റാണ്ട് നീണ്ട യാത്രയുടെയും നേർക്കാഴ്ചയായ ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ജെയിംസ് ചാക്കോയും സംഗീത സംവിധാനം മധു പോളുമാണ്. വിമൽ വിനോദൻ കൊയിർ മാസ്റ്ററായും ജേക്കബ് തോമസ് കോർഡിനേറ്ററായും പ്രവർത്തിച്ച ഗാനത്തിന്റെ ആശയം സന്തോഷ് പുത്തൻവീട്ടിലിന്റേതാണ്.
മ്യൂസ് ഹബ് (Muse Hub) സ്റ്റുഡിയോയിൽ അഭിനന്ദ് റെക്കോർഡിംഗ് നിർവ്വഹിച്ച ഗാനത്തിന്റെ ഛായാഗ്രഹണം (DOP) ജെയിൻ പോളും എഡിറ്റിംഗ് അരുൺ സി.എച്ചും നിർവ്വഹിച്ചു. നിറ്റോ ജോർജ്ജ്, സാജൻ സാജ്, റോണി ഫ്ലൈവേൾഡ് എന്നിവരാണ് അസോസിയേറ്റ്സ് ആയി പ്രവർത്തിച്ചത്. സിഡ്നി മലയാളി അസോസിയേഷന്റെ യൂട്യൂബ് ചാനലിൽ ഗാനം ലഭ്യമാണ്.
വീഡിയോ കാണാം: https://youtu.be/2D7VvnZ0SYk

