മെസ്സിക്കും റൊണാൾഡോയ്ക്കും നേരെ ഭീകരാക്രമണ ഭീഷണി; ലോകകപ്പിനിടെ സുരക്ഷ ശക്തമാക്കി

ന്യൂയോർക്ക്/മാഡ്രിഡ്: 2026 ഫിഫ ലോകകപ്പിനിടെ അർജന്റീന താരം ലയണൽ മെസ്സിയെയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലക്ഷ്യമിട്ട് ഭീഷണികളും സുരക്ഷാ സംഭവങ്ങളും ഉണ്ടായതായി റിപ്പോർട്ട്. യുഎസ് സുരക്ഷാ ഏജൻസികളുടെ രേഖകൾ ഉദ്ധരിച്ചാണ് വിവരങ്ങൾ പുറത്തുവന്നത്.

ഡാളസിൽ അർജന്റീന–ജോർദാൻ മത്സരത്തിന് മുമ്പ് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി സ്റ്റേഡിയത്തിലേക്ക് പോകുകയാണെന്ന് അവകാശപ്പെട്ട് അജ്ഞാതൻ വിമാനത്താവളത്തിലേക്ക് വിളിച്ചതായി റിപ്പോർട്ടുണ്ട്. അറ്റ്ലാന്റയിൽ അർജന്റീന–ഈജിപ്ത് മത്സരത്തിന് മുമ്പും മെസ്സിയെ ലക്ഷ്യമിട്ട് ഭീഷണി സന്ദേശവും സ്റ്റേഡിയത്തിൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന വ്യാജ അലർട്ടും ലഭിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും കെ-9 സംഘവും പരിശോധന നടത്തി.

റൊണാൾഡോ താമസിച്ചിരുന്ന ഹൂസ്റ്റണിലെ ഹോട്ടലുമായി ബന്ധപ്പെട്ടും സംശയാസ്പദമായ വ്യക്തിയുടെ നീക്കങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.

ഭീഷണികളിൽ പലതും യഥാർത്ഥ ആക്രമണങ്ങളായി മാറിയില്ല. എഫ്ബിഐ ഉൾപ്പെടെയുള്ള യുഎസ് സുരക്ഷാ ഏജൻസികളും അന്താരാഷ്ട്ര സുരക്ഷാ സംവിധാനങ്ങളും ഇടപെട്ട് ഭീഷണികൾ കൈകാര്യം ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *