മയക്കുമരുന്ന് ആഗോള വെല്ലുവിളി; പ്രതിരോധത്തിന് ജനപങ്കാളിത്തം അനിവാര്യം: രമേശ് ചെന്നിത്തല

കൊച്ചി: മയക്കുമരുന്ന് ഉപയോഗവും കടത്തും കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും, പണവും തീവ്രവാദവും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ആഗോള വെല്ലുവിളിയാണെന്നും മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. കൊച്ചിന്‍ റോട്ടറി അപ്ടൗണ്‍ എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘തൂഫാന്‍’ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് മാഫിയ നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആദ്യം ഇവരെ ഉപയോക്താക്കളാക്കുകയും പിന്നീട് വിതരണക്കാരാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. അതിനാല്‍ കേവലം പൊലീസ് നടപടികള്‍ കൊണ്ടുമാത്രം ഇതിന് പരിഹാരമാകില്ലെന്നും കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസമൂഹവും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തൂഫാന്‍ കെയര്‍’ പദ്ധതിയിലൂടെ ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി 35 സ്വകാര്യ ആശുപത്രികള്‍ സഹകരിക്കാന്‍ തയ്യാറായിട്ടുണ്ട്. വിദഗ്ധ കൗണ്‍സലിങ്ങും മാനസികാരോഗ്യ ചികിത്സയും ലഭ്യമാക്കി ഇവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സമഗ്ര സംവിധാനമാണ് ഒരുക്കുന്നത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആശയവിനിമയക്കുറവ് ലഹരിവ്യാപനത്തിന് വഴിവെക്കുന്നുണ്ടെന്നും, കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കുടുംബങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

മയക്കുമരുന്ന് കടത്ത് പൂര്‍ണ്ണമായും തടയാന്‍ കേരളത്തിന് ഒറ്റയ്ക്ക് സാധിക്കില്ലെന്നും, തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും ഏകോപിതമായ പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയയെ പൂര്‍ണ്ണമായി പരാജയപ്പെടുത്തുന്നതുവരെ സര്‍ക്കാരിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോഷി ചാക്കോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എല്‍.എ., കൊച്ചി മേയര്‍ അഡ്വ. വി.കെ. മിനിമോള്‍, സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, റോട്ടറി ഭാരവാഹികളായ കെ.ബി. ജോസ്, വിഷ്ണു പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *