മെൽബൺ: മെൽബണിൽ പുകയിലക്കടകൾക്ക് നേരെയുള്ള ആസൂത്രിത തീവെപ്പ് തുടരുന്നു. ഒക്ടോബർ 12 തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ ഫിറ്റ്സ്റോയ് നോർത്തിലെ സെന്റ് ജോർജ്ജ് റോഡിൽ പ്രവർത്തിച്ചിരുന്ന പുകയിലക്കട ദുരൂഹസാഹചര്യത്തിലുണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു.
പുലർച്ചെ 3:45 ഓടെയാണ് സംഭവസ്ഥലത്തേക്ക് അത്യാഹിത വിഭാഗം സംഘങ്ങളെത്തിയത്. ആക്രമണത്തിൽ പുകയിലക്കട പൂർണ്ണമായി തകരുകയും സമീപത്തെ രണ്ട് വ്യാപാരസ്ഥാപനങ്ങൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് സമീപത്തെ ഒരു വീഗൻ കഫേ അടച്ചുപൂട്ടേണ്ടി വന്നു. കടയുടെ പൂട്ട് തകർത്ത് അകത്തുകടന്ന അക്രമികൾ ബോധപൂർവ്വം തീയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന് പിന്നാലെ ഇരുണ്ട നിറത്തിലുള്ള ഒരു വാഹനം സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ ഓടിച്ചുപോയതായി ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.
മുൻപും സമാനമായ രീതിയിൽ പുകയിലക്കടകൾക്ക് നേരെ കല്ലേറും ജനൽച്ചില്ലുകൾ തകർക്കലും നടന്നിട്ടുള്ളതിനാൽ ഇത്തരമൊരു ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കുമെന്ന് ഭയപ്പെട്ടിരുന്നതായി സമീപത്തെ കഫേ ഉടമകൾ പ്രതികരിച്ചു. അനധികൃത പുകയില മാഫിയയുമായി ബന്ധപ്പെട്ട് മെൽബണിൽ വ്യാപകമായി അക്രമങ്ങൾ നടന്നിട്ടും സർക്കാർ കർശന നടപടിയെടുക്കുന്നില്ലെന്ന് വിക്ടോറിയൻ പ്രതിപക്ഷ എം.പി ടിം മക്കർഡി ആരോപിച്ചു. വിക്ടോറിയയിൽ അനധികൃതമായി പ്രവർത്തിക്കുന്ന 1,600 പുകയിലക്കടകളിൽ കേവലം 48 എണ്ണം മാത്രമാണ് അധികൃതർ പൂട്ടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവത്തിൽ വിക്ടോറിയ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെക്കുറിച്ചോ സംശയാസ്പദമായ വാഹനത്തെക്കുറിച്ചോ വിവരമുള്ളവരും സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമുള്ളവരും 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

