വിവിഡ് സിഡ്നി ഡ്രോൺ ഷോ റദ്ദാക്കി; സാങ്കേതിക തകരാറിനെ തുടർന്ന് ഡാർലിംഗ് ഹാർബറിലേക്ക് പതിച്ചത് 83 ഡ്രോണുകൾ

സിഡ്നി: ഓസ്‌ട്രേലിയയിലെ പ്രശസ്തമായ പ്രകാശോത്സവമായ ‘വിവിഡ് സിഡ്നിയിലെ’ അവശേഷിക്കുന്ന എല്ലാ ഡ്രോൺ ഷോകളും ഔദ്യോഗികമായി റദ്ദാക്കി. ഈ ആഴ്ച ഡാർലിംഗ് ഹാർബറിൽ നടന്ന പ്രദർശനത്തിനിടെയുണ്ടായ വലിയ സാങ്കേതിക തകരാറിനെ തുടർന്ന് 83 ഡ്രോണുകൾ ആകാശത്തുനിന്ന് തടാകത്തിലേക്ക് പതിച്ച പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാ ക്രമീകരണങ്ങൾ മുൻനിർത്തി അടിയന്തരമായി നടത്തിയ പൂർണ്ണമായ സാങ്കേതിക വിലയിരുത്തലുകൾക്ക് ശേഷമാണ് വരും ആഴ്ചകളിൽ നടക്കാനിരുന്ന എല്ലാ ഷോകളും പൂർണ്ണമായി ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7.30-ന് നടന്ന ‘സ്റ്റാർ-ബൗണ്ട്’ എന്ന ആകാശ ദൃശ്യവിരുന്നിനിടെയായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ആയിരത്തോളം ഡ്രോണുകൾ അണിനിരന്ന വലിയ പ്രകടനത്തിനിടെ പെട്ടെന്നുണ്ടായ സാങ്കേതിക തകരാറുകൾ മൂലം 83 ഡ്രോണുകൾ കോക്കിൾ ബേയിലെ വെള്ളത്തിലേക്ക് പതിക്കുകയും, ആറെണ്ണം തടാകക്കരയിലെ തടിപ്പാലത്തിൽ വന്നുവീഴുകയുമായിരുന്നു. ആളപായമോ പരിക്കുകളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിലെ നാല് പ്രദർശനങ്ങൾ താൽക്കാലികമായി റദ്ദാക്കി പരിശോധന നടത്തിവരികയായിരുന്നു. ശനിയാഴ്ചയോടെയാണ് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിശ്ചയിച്ചിരുന്ന എല്ലാ ഷോകളും റദ്ദാക്കിയതായി വിവിഡ് സിഡ്നി സംഘാടകർ സ്ഥിരീകരിച്ചത്.

സംഭവം സന്ദർശകർക്കും പൊതുജനങ്ങൾക്കും വലിയ നിരാശയുണ്ടാക്കുമെങ്കിലും, പൊതുസുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്ന് വിവിഡ് സിഡ്നി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഡ്രോൺ ഷോകൾക്ക് പകരമായി, മുൻപ് നിശ്ചയിച്ചിരുന്ന അതേ സമയങ്ങളിൽ ഡാർലിംഗ് ഹാർബറിൽ അത്യാധുനിക ലേസർ ലൈറ്റുകളും കരിമരുന്ന് പ്രയോഗവും ഉൾപ്പെടുത്തി കൂടുതൽ ആകർഷകമായ ദൃശ്യവിരുന്ന് ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സ്കൈമാജിക്’ എന്ന കമ്പനിയാണ് ഈ ഡ്രോൺ ഷോ നിയന്ത്രിച്ചിരുന്നത്. ഡ്രോണുകൾ ആകാശത്തേക്ക് ഉയർന്നതിന് ശേഷം റേഡിയോ ഫ്രീക്വൻസിയിൽ ഉണ്ടായ അപ്രതീക്ഷിത വ്യതിയാനമാണ് ഡ്രോണുകളുടെ കൃത്യമായ സ്ഥാനം തെറ്റാൻ കാരണമായതെന്ന് കമ്പനി വിശദീകരിച്ചു. ഇതിൽ അട്ടിമറി സാധ്യതകൾ ഒന്നുമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അപകടസാധ്യത മുന്നിൽക്കണ്ട് പൈലറ്റുമാർ പ്രധാന ഡ്രോൺ വ്യൂഹത്തെ ആകാശത്ത് നിശ്ചലമായി നിർത്താൻ ശ്രമിച്ചെങ്കിലും, സിഗ്നൽ നഷ്ടപ്പെട്ട ഡ്രോണുകൾ സുരക്ഷാ അതിർത്തി ലംഘിച്ചതോടെ സ്വയം പ്രവർത്തനം നിലച്ച് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് സ്കൈമാജിക് ഓപ്പറേഷൻസ് മേധാവി ഡൈഫാൻ റൈസ് വ്യക്തമാക്കി. കഴിഞ്ഞ വർഷവും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ ആശങ്കകൾ കാരണം ഡ്രോൺ ഷോ ഒഴിവാക്കിയിരുന്നു. എന്നാൽ ഇത്തവണ ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും വലിയ ഡ്രോൺ പ്രദർശ നമെന്ന ഖ്യാതിയോടെയാണ് വിവിഡ് സിഡ്നിയിൽ ഇത് തിരിച്ചെത്തിയിരുന്നത്. ജൂൺ 13 വരെയാണ് വിവിഡ് സിഡ്നി ഉത്സവം നീണ്ടുനിൽക്കുക

Leave a Reply

Your email address will not be published. Required fields are marked *