വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പൈതൃക കാട്ടുപൂക്കൾ പറിക്കുന്നതിനെതിരെ മുന്നറിയിപ്പ്; നിയമലംഘകർക്ക് 50,000 ഡോളർ വരെ പിഴ

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ റോഡരികുകളിൽ വിരിഞ്ഞുനിൽക്കുന്ന സംരക്ഷിത കാട്ടുപൂക്കളായ ‘എവർലാസ്റ്റിങ്സ്’ പറിച്ചെടുക്കുന്ന പ്രവണത വർധിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി അധികൃതർ. ബൺബറിക്കും ബസൽട്ടണും ഇടയിലുള്ള ബസൽ ഹൈവേയുടെ ഇരുവശങ്ങളിലുമാണ് ഇപ്പോൾ വസന്തകാല കാട്ടുപൂക്കൾ വ്യാപകമായി പൂത്തുനിൽക്കുന്നത്.

സംരക്ഷിത വിഭാഗത്തിൽപ്പെട്ട തദ്ദേശീയ സസ്യങ്ങളും പൂക്കളും പറിച്ചെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ 50,000 ഡോളർ വരെ കനത്ത പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. പൂക്കൾ പറിക്കാനും ഫോട്ടോയെടുക്കാനുമായി അതിവേഗ പാതയായ ഹൈവേയിൽ വാഹനങ്ങൾ നിർത്തുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയും അപകട സാധ്യതയും ഉണ്ടാക്കുന്നുണ്ട്. കൂടാതെ വിത്ത് വിതറുന്നതിന് മുൻപ് തന്നെ പൂക്കൾ പറിച്ച് മാറ്റുന്നത് വരും സീസണുകളിൽ ഇവയുടെ സ്വാഭാവിക വളർച്ചയെയും പൂക്കളുടെ എണ്ണത്തെയും സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

‘കാണുക, ചിത്രങ്ങൾ പകർത്തുക, അവയെ തൊടാതെ അവിടെത്തന്നെ വിടുക’ എന്ന ലളിതമായ സന്ദേശമാണ് അധികൃതർ ജനങ്ങൾക്ക് നൽകുന്നത്. ഈ പ്രകൃതിസമ്പത്ത് ആദ്യം എത്തുന്നവർക്ക് മാത്രം സ്വന്തമാക്കാനുള്ളതല്ലെന്നും പൊതുസമൂഹത്തിന് മുഴുവൻ ആസ്വദിക്കാനുള്ളതാണെന്നും ചൂണ്ടിക്കാട്ടി ഹൈവേകളിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *