ന്യൂയോർക്ക്: ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് വിജയത്തോടെ തുടങ്ങി. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളും ബ്രാഡ്‌ലി ബാർക്കോളയുടെ മികച്ചൊരു ചിപ്പ് ഗോളുമാണ് ഫ്രാൻസിന് തകർപ്പൻ ജയം സമ്മാനിച്ചത്. സെനഗലിന്റെ ആശ്വാസ ഗോൾ പിഎസ്ജി താരം ഇബ്രാഹിം എംബായെ നേടി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഫ്രാൻസ് അല്പം പരുങ്ങിയെങ്കിലും രണ്ടാം പകുതിയിൽ താളം കണ്ടെത്തിയ ഫ്രാൻസ് മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സെനഗൽ കൗമാര താരം ഇബ്രാഹിം എംബായെയിലൂടെ ഒരു ഗോൾ മടക്കി കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, ആ ആവേശം അധികം നീണ്ടുനിന്നില്ല. ഗോൾ വഴങ്ങിയതിന് തൊട്ടുപിന്നാലെ എംബാപ്പെ തന്റെ രണ്ടാം ഗോളിലൂടെ ഫ്രാൻസിന്റെ വമ്പൻ വിജയം ഉറപ്പിച്ചു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സെനഗൽ രണ്ടാമതൊരു ഗോളിന് കൂടി ശ്രമിച്ചെങ്കിലും ഫ്രഞ്ച് ഗോൾകീപ്പർ മൈനാൻ പന്ത് ഗോൾ ലൈനിൽ വെച്ച് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് പോയിന്റുകൾ ഫ്രാൻസ് സ്വന്തമാക്കി.

