മെൽബൺ: ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചുള്ള നൂതനമായ ‘ഫിഷിംഗ്’ തട്ടിപ്പുകൾ വർദ്ധിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രമുഖ യാത്രാ ഏജൻസികളിൽ നിന്നും വിമാനക്കമ്പനികളിൽ നിന്നും ചോർന്ന വിവരങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ബുക്കിംഗ് ഡോട്ട് കോം കഴിഞ്ഞ വർഷം ഖാന്റാസ് തുടങ്ങിയ വൻകിട കമ്പനികളിലുണ്ടായ ഡാറ്റാ ലംഘനങ്ങൾ തട്ടിപ്പുകാർക്ക് വലിയ തോതിൽ സഹായകരമാകുന്നുണ്ട്. പേര്, യാത്രാ തീയതികൾ, താമസസ്ഥലം തുടങ്ങിയ കൃത്യമായ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈവശമെത്തുന്നതോടെ, തിരിച്ചറിയാൻ പ്രയാസമുള്ള രീതിയിലുള്ള വ്യാജ ഇമെയിലുകളും മെസ്സേജുകളും നിർമ്മിക്കാൻ അവർക്ക് സാധിക്കുന്നു.
നോർഡ് വിപിഎൻ സൈബർ സുരക്ഷാ വിദഗ്ധനായ അഡ്രിയാനസ് വാർമെൻഹോവൻ പറയുന്നതനുസരിച്ച്, ബുക്കിംഗ് ഡോട്ട് കോമിലെ വിവരങ്ങൾ ചോർന്നതോടെ വ്യാജ പേയ്‌മെന്റ് അഭ്യർത്ഥനകളും വെരിഫിക്കേഷൻ സന്ദേശങ്ങളും വ്യാപകമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക വിവരങ്ങളേക്കാൾ, യാത്രാവിവരങ്ങളുടെ ‘സാഹചര്യം’ ഉപയോഗിച്ചാണ് ഇവർ വിശ്വാസ്യത നേടിയെടുക്കുന്നത്.
മെക്കാഫിയിലെ ടൈലർ മക്ഗീയുടെ അഭിപ്രായത്തിൽ, ട്രാവൽ സൈറ്റുകൾ നൽകുന്ന വിവരങ്ങൾ തട്ടിപ്പുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിമാന ടിക്കറ്റോ ഹോട്ടലോ ബുക്ക് ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡ് വിവരങ്ങൾക്കൊപ്പം പാസ്‌പോർട്ട് വിവരങ്ങൾ വരെ ഉപഭോക്താക്കൾ നൽകാറുണ്ട്. ഒരു വ്യക്തിയെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കാൻ ഇത്തരം വിവരങ്ങൾ തട്ടിപ്പുകാരെ സഹായിക്കുന്നു.
യാത്രക്കാർ അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പണമടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ ആപ്പുകളിലൂടെയോ മാത്രം വിവരങ്ങൾ ഉറപ്പുവരുത്തണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

