പെർത്ത്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഓസ്‌ട്രേലിയയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ, വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെർത്തിൽ ‘ഡ്രൈവ്-ഓഫ്’ (ഇന്ധനം നിറച്ച ശേഷം പണമടയ്ക്കാതെ കടന്നുകളയുന്ന രീതി) മോഷണങ്ങൾ വർദ്ധിക്കുന്നു. സംഭവത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയൻ പ്രീമിയർ റോജർ കുക്ക് കടുത്ത ആശങ്ക രേഖപ്പെടുത്തി.
ഇന്ധനവില കുതിച്ചുയരുന്നതും വിതരണത്തിലെ അനിശ്ചിതത്വവും ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ഉത്കണ്ഠയ്ക്കും സമ്മർദ്ദത്തിനും കാരണമാകുന്നുണ്ടെന്ന് പ്രീമിയർ പറഞ്ഞു. ഡീസൽ വില ലിറ്ററിന് 3 ഡോളറിന് മുകളിൽ എത്തിയതോടെയാണ് ഇത്തരം മോഷണങ്ങൾ വർദ്ധിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഡീസൽ വിലയിൽ ഏകദേശം 74 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ധനമോഷണം തടയുന്നതിനായി പെർത്തിലെ പെട്രോൾ പമ്പുകളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ആഴ്ച അർമഡേലിലെ ഒരു പെട്രോൾ പമ്പിൽ ഇന്ധനം മോഷ്ടിച്ച് കടന്നുകളയുന്നതിനിടെ ജീവനക്കാരനെ വാഹനം ഇടിപ്പിച്ചു വീഴ്ത്തിയ സംഭവമുണ്ടായി. ഇന്ധന വിതരണ ശൃംഖലയിൽ സുതാര്യത ഉറപ്പാക്കാനും സ്റ്റോക്ക് വിവരങ്ങൾ നിർബന്ധമായും നൽകാനും സർക്കാർ എനർജി ആക്ട് പ്രകാരമുള്ള അടിയന്തര അധികാരം (Emergency Powers) ഉപയോഗിച്ചു തുടങ്ങി.
ഇന്ധനവില വർദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിലും നിയമം കൈയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. പണമടയ്ക്കാതെ കടന്നുകളയുന്നവരെ പിടികൂടാൻ പമ്പുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കർഷകരും തങ്ങളുടെ പക്കലുള്ള ഇന്ധന ശേഖരം സുരക്ഷിതമായി സൂക്ഷിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

