ന്യൂഡൽഹി: വനിതാ സംവരണ ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ ശാക്തീകരണത്തിനായുള്ള സുപ്രധാന ചുവടുവെപ്പിനെ അട്ടിമറിച്ചവരെ രാജ്യത്തെ സ്ത്രീകൾ ഒരിക്കലും പൊറുക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അതിനെ എതിർത്തു തോൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അവരുടെ സ്ത്രീവിരുദ്ധ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്ല് പരാജയപ്പെട്ടെങ്കിലും സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തന്റെ സർക്കാർ തുടരുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. സ്ത്രീശക്തിയുടെ അനുഗ്രഹത്തോടെ ഈ ലക്ഷ്യം സർക്കാർ നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ഭേദഗതി ബില്ലിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലോക്സഭയിൽ ലഭിക്കാതെ വന്നതോടെയാണ് വനിതാ സംവരണ ബില്ല് പരാജയപ്പെട്ടത്. ഇതിനെത്തുടർന്ന് രാജ്യവ്യാപകമായി പ്രതിപക്ഷത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ, വനിതാ സംവരണ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ചുകൊണ്ട് ബിജെപി നേതാക്കളും രംഗത്തെത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വിഷയം പ്രധാന ചർച്ചയാക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം.

