കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനായി കേരളത്തിലെത്തിയ മധ്യപ്രദേശ് പോലീസ് സംഘം മടങ്ങി. യുവതിയുടെയും ഭർത്താവിന്റയും മൊഴിയെടുക്കുന്നതിനായി കൊച്ചിയിലെത്തിയ സംഘമാണ് ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനും അന്വേഷണങ്ങൾക്കും ഒടുവിൽ മടങ്ങിയത്.വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കാനാണ് വനിതാ എസ്.പിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം കൊച്ചിയിലെത്തിയത്. എന്നാൽ, യുവതിയും ഭർത്താവും പോലീസിന് മുന്നിൽ ഹാജരാകാനോ മൊഴി നൽകാനോ തയ്യാറായില്ല. ഇവർ രഹസ്യ കേന്ദ്രത്തിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ, തനിക്ക് പ്രായപൂർത്തിയായെന്നും മധ്യപ്രദേശ് പോലീസിന് വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വൈറൽ താരത്തിന്റെ വിവാഹം നടന്നത്. യുവതിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള പോലീസ് നീക്കത്തെ ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. യുവതിയുടെയും സുഹൃത്തുക്കളുടെയും ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് തൃക്കാക്കര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായില്ല. കേസിൽ നിയമപരമായ തടസ്സങ്ങൾ നിലനിൽക്കുന്നതിനാലാണ് പോലീസ് സംഘം തൽക്കാലം മടങ്ങിയതെന്നാണ് സൂചന. കൂടുതൽ നിയമോപദേശം തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: അന്വേഷണത്തിനായി എത്തിയ മധ്യപ്രദേശ് പോലീസ് സംഘം മടങ്ങി

