പൊള്ളാച്ചി/മലപ്പുറം: തമിഴ്നാട്ടിലെ വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ പരിക്കേറ്റ നാലുപേർ കോയമ്പത്തൂരിലെ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് (39), ടൂറിസ്റ്റ് വാൻ ഓടിച്ചിരുന്ന ഇന്ത്യനൂർ ചൂനൂർ സ്വദേശി മുഹമ്മദ് ഫായിസ് (21), എന്നിവരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം വാൽപ്പാറ-പൊള്ളാച്ചി റൂട്ടിലെ പതിമൂന്നാം ഹെയർപിൻ വളവിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ സംരക്ഷണ ഭിത്തി തകർത്ത് 800 അടിയോളം താഴെയുള്ള ഒൻപതാം വളവിലേക്ക് പതിക്കുകയായിരുന്നു. പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളും ഉൾപ്പെട്ട 13 അംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആറ് അധ്യാപകർ ഉൾപ്പെടെ ഒൻപത് മലയാളികളാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചു._

