ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ഉടലെടുത്ത വംശീയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനം കനത്ത സ്തംഭനാവസ്ഥയിൽ. ജിരിബാമിൽ മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ താഴ്വര മേഖലയിലെ അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച അനിശ്ചിതകാല കർഫ്യൂ തുടരുകയാണ്. ഇന്റർനെറ്റ് നിരോധനവും നിലവിലുണ്ട്.
ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാക്ചിംഗ് എന്നീ ജില്ലകളിൽ പൂർണ്ണമായ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡുകളെല്ലാം വിജനമാണ്, വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു.സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും സംഘർഷം പടരാതിരിക്കാനും ഏഴ് ജില്ലകളിൽ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ സർക്കാർ താൽക്കാലികമായി റദ്ദാക്കി.
സംസ്ഥാനത്തെ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സായുധ പോലീസ് സേനയുടെ (CAPF) കൂടുതൽ കമ്പനികളെ മണിപ്പൂരിലേക്ക് നിയോഗിച്ചിട്ടുണ്ട്. സംഘർഷ മേഖലകളിൽ സൈന്യവും അസം റൈഫിൾസും കനത്ത ജാഗ്രതയിലാണ്.സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും ജനങ്ങൾക്കിടയിലെ രോഷം തണുപ്പിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിസ്സംഗതയ്ക്കെതിരെയും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ മണിപ്പൂർ ഇപ്പോൾ പൂർണ്ണമായും നിശബ്ദതയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

