ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന രാജസ്ഥാനിലെ ബലോത്രയിലുള്ള റിഫൈനറിയിൽ തീപിടിത്തം. പച്ചപദ്രയിലെ റിഫൈനറിയുടെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിലാണ് (സിഡിയു) കഴിഞ്ഞദിവസം തീപിടിത്തമുണ്ടായത്. സംഭവത്തെത്തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചതായി പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിലുണ്ടായ തീപിടിത്തം അടിയന്തര വിഭാഗം ഉദ്യോഗസ്ഥർ ഉടൻ തന്നെ അണച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.ഉദ്ഘാടന ചടങ്ങിന് പുറമെ, മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ഇന്നലെ നടത്താനിരുന്ന സന്ദർശനവും തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിട്ടുണ്ട്.
രാജസ്ഥാൻ സർക്കാരിന്റെയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയും (HPCL) സംയുക്ത സംരംഭമായാണ് ഈ റിഫൈനറി സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഈ പദ്ധതിക്കായി ഏകദേശം 79,450 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.സുരക്ഷാ പരിശോധനകൾക്കും ക്രമീകരണങ്ങൾക്കും ശേഷം പുതുക്കിയ ഉദ്ഘാടന തീയതി പിന്നീട് അറിയിക്കും.

