തൃശ്ശൂര്‍ വെടിക്കെട്ടുപുര സ്ഫോടനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ ഏകാംഗ ജുഡീഷ്യൽ കമ്മീഷനാണ് അന്വേഷണച്ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാൻ സർക്കാർ ഉത്തരവിട്ടു. പരിക്കേറ്റവർക്ക് സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്നുള്ള തുകയ്ക്ക് പുറമെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം അധികമായി അനുവദിക്കും. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രിസഭ അറിയിച്ചു.

സ്ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി കെ. രാജൻ തൃശൂരിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്ഫോടനത്തിൽ പ്രദേശത്തെ വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി നഷ്ടപരിഹാരം നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതിനെ സംബന്ധിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ സർക്കാർ എടുക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ദുരന്തം നടന്ന മുണ്ടത്തിക്കോട് നിലവിൽ അതീവ ജാഗ്രത തുടരുകയാണ്. പരിസരപ്രദേശങ്ങളിലെ പരിശോധനകൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി പ്രത്യേക സംഘത്തെ നിയോഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *