ഇസ്‌ലാമാബാദ്: ആഗോള വിപണിയെയും നയതന്ത്ര ലോകത്തെയും മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാൻ യുദ്ധത്തിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി ബുധനാഴ്ച അവസാനിക്കുന്നു. വെടിനിർത്തൽ നീട്ടുന്നതിനോ പുതിയ ചർച്ചകൾക്കോ ഉള്ള ഔദ്യോഗിക സ്ഥിരീകരണം വാഷിംഗ്ടണോ ടെഹ്‌റാനോ ഇതുവരെ നൽകിയിട്ടില്ലെങ്കിലും, പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ പുതിയ ചർച്ചകൾക്കായി വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായി.
ബുധനാഴ്ച രാവിലെ (ജിഎംടി 0000) വെടിനിർത്തൽ അവസാനിക്കാനിരിക്കെ, പാകിസ്ഥാൻ മധ്യസ്ഥതയിൽ പുതിയ ചർച്ചകൾ നടന്നേക്കുമെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും ചർച്ചകൾക്കായി ഇസ്‌ലാമാബാദിൽ എത്തിയേക്കുമെന്നാണ് വിവരം. എന്നാൽ, ഇറാൻ ഔദ്യോഗികമായി ചർച്ചകളിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാർ വ്യക്തമാക്കി. ചർച്ചയിൽ പങ്കെടുക്കാനുള്ള ഇറാന്റെ തീരുമാനം വെടിനിർത്തൽ നീട്ടുന്നതിൽ നിർണ്ണായകമാകുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഹോർമുസ് കടലിടുക്കിന്റെ ഭാവി, ഇറാന്റെ ആണവ പദ്ധതി തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങളാണ് ചർച്ചയുടെ മുൻപിലുള്ള പ്രധാന വെല്ലുവിളികൾ. ഇതിനിടെ, കഴിഞ്ഞ വാരാന്ത്യത്തിൽ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായതും അമേരിക്കൻ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതും സാഹചര്യം വീണ്ടും സംഘർഷഭരിതമാക്കിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനങ്ങളെത്തുടർന്ന് ഏപ്രിൽ 8-നാണ് നിലവിലെ വെടിനിർത്തൽ ആരംഭിച്ചത്. 1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള ചർച്ചയായിരുന്നു ഏപ്രിൽ 11-ന് നടന്നത്.
നിലവിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ലോകത്തെ 20 ശതമാനത്തോളം പ്രകൃതിവാതകവും എണ്ണയും കടന്നുപോകുന്ന ഈ പാതയുടെ നിയന്ത്രണം ചർച്ചകളിലെ പ്രധാന വിലപേശൽ ഘടകമാണ്. ഇറാന്റെ ആണവ ശേഖരം പൂർണ്ണമായും ഇല്ലാതാക്കണമെന്ന നിലപാടിൽ അമേരിക്കയും ഇസ്രായേലും ഉറച്ചുനിൽക്കുമ്പോൾ, സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ പദ്ധതി തുടരുമെന്നാണ് ഇറാന്റെ വാദം. ഇസ്‌ലാമാബാദിൽ ഇന്ന് നടക്കാൻ സാധ്യതയുള്ള ചർച്ചകൾ മേഖലയിലെ സമാധാനത്തിന് നിർണ്ണായകമാകും.

