കോടതി നടപടികളുടെ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ഉത്തരവ്; അരവിന്ദ് കേജരിവാളിന് തിരിച്ചടി

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ നടന്ന വാദങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വി. കാമേശ്വർ റാവു, മൻമീത് പ്രീതം സിംഗ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ നിർദ്ദേശം.കഴിഞ്ഞ ഏപ്രിൽ 13-ന് ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുൻപാകെ നടന്ന കോടതി നടപടികളാണ് അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത്. ഇത് കോടതി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിലാണ് നടപടി. ഗൂഗിൾ, മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം), എക്സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കാണ് ഈ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ കോടതി നിർദ്ദേശം നൽകിയത്.ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകിയ ചില യുആർഎല്ലുകൾ (URLs) ഇതിനകം തന്നെ നീക്കം ചെയ്തതായി മെറ്റ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വീഡിയോകൾ ആദ്യം അപ്‌ലോഡ് ചെയ്തത് ആരാണെന്ന് കണ്ടെത്താൻ സാധിക്കുമോ എന്ന് കോടതി ആരാഞ്ഞു. സാങ്കേതികമായി ഇത് പ്രയാസകരമാണെങ്കിലും, അപ്‌ലോഡ് ചെയ്തവരുടെ ഐപി അഡ്രസ്, ഇ-മെയിൽ തുടങ്ങിയ വിവരങ്ങൾ കൈമാറാൻ സാധിക്കുമെന്ന് മെറ്റ വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര ഐടി മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കേജരിവാൾ കോടതിയെ സമീപിച്ചിരുന്നത്. ഈ ഹർജി പരിഗണിക്കവെയാണ് ദൃശ്യങ്ങൾ നിയമവിരുദ്ധമായി പകർത്തിയത്. കേജരിവാളിന്റെ ഈ ആവശ്യം കോടതി പിന്നീട് തള്ളിയിരുന്നു. ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് തേജസ് കരിയ പിന്മാറിയതിനെത്തുടർന്ന് പുതിയ ബെഞ്ച് രൂപീകരിച്ചാണ് കഴിഞ്ഞ ദിവസം വാദം കേട്ടത്.

Leave a Reply

Your email address will not be published. Required fields are marked *