തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടന ദുരന്തഭൂമിയിൽ വ്യാപകമായ പോലീസ് തെരച്ചിൽ നടത്തി കൂടുതൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. ഏകദേശം 200 പേരടങ്ങുന്ന പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങൾ ഉൾപ്പെടെ തെളിവുകൾ കണ്ടെത്തിയത്
ആദ്യഘട്ടത്തിൽ പേശിയോടുകൂടിയ ഭാഗങ്ങളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടർന്ന് വൈകുന്നേരത്തോടെ ഒരു തലഭാഗവും കണ്ടെത്തി. ഇത് പ്രദേശവാസിയായ ഗിരിയുടേതാണെന്നാണ് സംശയമുണ്ടെങ്കിലും സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 400 മീറ്റർ അകലെയുള്ള സ്ഥലങ്ങളിലും, വാഴക്കൃഷിയിടങ്ങളിലും കുളത്തിലും നിന്നുമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കൂടാതെ ദുരന്തത്തിൽപ്പെട്ടവരുടെ മൊബൈൽഫോണുകളും 300 കിലോവരെ കത്താത്ത വെടിമരുന്നും അസംസ്കൃത വസ്തുക്കളും കണ്ടെത്തി സുരക്ഷിതമായി മാറ്റി.
കഡാവർ നായകളുടെ സഹായത്തോടെയും പ്രത്യേക സംഘങ്ങളായും തെരച്ചിൽ നടത്തി. നകുൽ രാജേന്ദ്ര ദേശ്മുഖ് നേതൃത്വത്തിൽ ഫോറെൻസിക് വിദഗ്ധരും സ്ഫോടകവസ്തു പരിശോധനാസംഘവും ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നയിക്കുന്നത്.
സ്ഫോടനത്തിൽപ്പെട്ട നാല് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും, ഒരാളുടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇതിനകം 29 ശരീരഭാഗങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

