കൊല്ലം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചതായി റിപ്പോർട്ട്. രാത്രികാലങ്ങളിൽ 10 മുതൽ 15 മിനിറ്റ് വരെ വൈദ്യുതി മുടക്കങ്ങൾ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് ഉയർന്നതാണ് ഈ സാഹചര്യം രൂപപ്പെടാൻ കാരണമായതെന്ന് സൂചന.
ഒരു ആഴ്ച മുൻപേ തന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിരുന്നു. തുടർന്ന് തിരുവിതാംകൂർ, കൊച്ചി മേഖലകളിലേക്കും ഇത് വ്യാപിച്ചതായാണ് വിവരം. അതേസമയം, ഔദ്യോഗികമായി ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിട്ടില്ലെന്നാണ് വൈദ്യുതി ബോർഡ് വ്യക്തമാക്കുന്നത്. വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിയന്ത്രണങ്ങളും ക്രമീകരണങ്ങളും മാത്രമാണ് നടപ്പിലാക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രാത്രികാലങ്ങളിൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നതും വേനൽ ചൂട് ശക്തമാകുന്നതും കാരണം വൈദ്യുതി വിതരണം വെല്ലുവിളിയായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

