മെൽബൺ: പ്രമേഹ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഓസ്‌ട്രേലിയയിൽ വ്യാപകമായി ഉപയോഗിക്കുന്ന മൗഞ്ചാരോ (Mounjaro) എന്ന മരുന്നിന് സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന പി.ബി.എസ് (PBS) പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് സ്ഥിരീകരണം. മരുന്നിന്റെ വിലയുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനിയായ എലി ലില്ലിയും (Eli Lilly) ഫെഡറൽ ഗവൺമെന്റും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണിത്.
പ്രതിവാരം കുത്തിവെയ്ക്കുന്ന ഈ മരുന്നിന് സബ്‌സിഡി ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏകദേശം 4,50,000 ഓളം ഓസ്‌ട്രേലിയക്കാർക്ക് ഈ തീരുമാനം വലിയ ആഘാതമായിരിക്കുകയാണ്. സർക്കാരുമായുള്ള വിലപേശലിൽ നിന്ന് കമ്പനി പിന്മാറിയതോടെ, രോഗികൾ മാസം തോറും നൂറുകണക്കിന് ഡോളർ സ്വന്തം പോക്കറ്റിൽ നിന്ന് മുടക്കി മരുന്ന് വാങ്ങേണ്ടി വരും.
പ്രമേഹ രോഗികൾക്കിടയിലും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൗഞ്ചാരോയ്ക്ക് വലിയ പ്രിയമാണ് ലഭിച്ചിരുന്നത്. മരുന്നിന്റെ വില നിശ്ചയിക്കുന്നത് സംബന്ധിച്ച് എലി ലില്ലിയും ഗവൺമെന്റും തമ്മിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ചർച്ചകളിൽ നിന്ന് കമ്പനി പിന്മാറിയത് സാധാരണക്കാരായ രോഗികൾക്ക് ചികിത്സാ ചിലവ് വർദ്ധിക്കാൻ കാരണമാകും

