ചെന്നൈ: തമിഴ്നാട്ടിൽ നാളെ നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ മുടങ്ങിയേക്കുമെന്ന് സൂചന. സർക്കാർ രൂപീകരിക്കാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇതുവരെ അനുമതി നൽകിയിട്ടില്ല. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 118 പേരുടെ പിന്തുണ വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായാണ് വിവരം.
നിലവിൽ 113 പേരുടെ പിന്തുണയാണ് വിജയ് ഗവർണർക്ക് സമർപ്പിച്ച കത്തിലുള്ളത്. എന്നാൽ കേവലഭൂരിപക്ഷം വേണമെന്ന സുപ്രീംകോടതി വിധി ഗവർണർ ചൂണ്ടിക്കാട്ടിയതായാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് വിജയിയുടെ പാർട്ടി നേടിയത്. 118 എന്ന മാജിക് നമ്പറിലേക്ക് എത്താൻ ടിവികെയ്ക്ക് സാധിച്ചിരുന്നില്ല. ഡിഎംകെ സഖ്യം വിട്ടെത്തിയ കോൺഗ്രസും എൻഡിഎ വിട്ട എഐഎഡിഎംകെയും വിജയിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷ കണക്കുകളിൽ അവ്യക്തത തുടരുകയാണ്.
നേരത്തെ വിജയ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. നാളെ രാവിലെ പതിനൊന്നരയ്ക്കായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. സീറ്റ് വിഭജനത്തെ ചൊല്ലി എഐഎഡിഎംകെയുമായി ധാരണയിലെത്താതെ ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങിയ വിജയിക്ക് കോൺഗ്രസിന്റെയും മറ്റും പിന്തുണ ലഭിച്ചിട്ടും സർക്കാർ രൂപീകരണത്തിനുള്ള കേവലഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വരും മണിക്കൂറുകളിലെ രാഷ്ട്രീയ നീക്കങ്ങൾ തമിഴ്നാട്ടിൽ നിർണ്ണായകമാകും.

