രണ്ടാം പിണറായി സർക്കാരിന്റെ പരസ്യച്ചെലവ് 203 കോടി

കൊച്ചി: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അഞ്ച് വർഷത്തെ പരസ്യച്ചെലവ് 203.23 കോടി രൂപയായതായി വിവരാവകാശ രേഖകൾ. 2021ൽ സർക്കാർ അധികാരമേറ്റത് മുതൽ 2026 മാർച്ച് 31 വരെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ ഉൾപ്പെടെ വിവിധ പരസ്യങ്ങൾക്ക് ഈ തുക ചെലവഴിച്ചതായി സംസ്ഥാന സർക്കാരിന്റെ വിവര പൊതുജന സമ്പർക്ക വകുപ്പ് പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 2025-26 സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ തുക പരസ്യങ്ങൾക്കായി ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകളുടെ നേട്ടങ്ങൾ അവതരിപ്പിക്കുന്ന പരസ്യങ്ങൾക്കായിരുന്നു പ്രധാനമായും ചെലവ്. അവസാന വർഷം മാത്രം 87.07 കോടി രൂപയുടെ പരസ്യങ്ങളാണ് നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങൾക്കായി മാത്രം 41.70 കോടി രൂപ ചെലവഴിച്ചു. സർക്കാർ അധികാരത്തിലെത്തിയ ആദ്യ വർഷം 39.21 കോടി രൂപയാണ് പരസ്യത്തിനായി വിനിയോഗിച്ചത്. തുടർന്ന് 2022-23ൽ 25.20 കോടിയും 2023-24ൽ 24.34 കോടിയും 2024-25ൽ 27.38 കോടിയും പരസ്യച്ചെലവായി രേഖപ്പെടുത്തിയിട്ടുണ്ട്.

ടെൻഡർ പരസ്യങ്ങൾക്കായി അഞ്ചു വർഷത്തിനിടെ 54 കോടിയിലധികം രൂപ ചെലവഴിച്ചതായും വിവരാവകാശ രേഖകളിൽ പറയുന്നു. കാസർഗോഡ് സ്വദേശി എ.എ. മുഹമ്മദ് അഷ്റഫിന് വിവരാവകാശ നിയമപ്രകാരം സർക്കാർ നൽകിയ മറുപടിയിലൂടെയാണ് കണക്കുകൾ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *