വാർഷിക ബജറ്റ്; പശ്ചിമ ഓസ്‌ട്രേലിയയിലെ എല്ലാ ഡ്രൈവർമാർക്കും 100 ഡോളർ ഇന്ധന സഹായം

പെർത്ത്: ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി പശ്ചിമ ഓസ്‌ട്രേലിയൻ (Western Australia) ബജറ്റിൽ പ്രഖ്യാപനങ്ങൾ. സംസ്ഥാനത്തെ ഓരോ ഡ്രൈവർക്കും 100 ഡോളർ വീതം ഇന്ധന സഹായം (Fuel support payment) നൽകുമെന്നതാണ് 2026-27 വാർഷിക ബജറ്റിലെ പ്രധാന ആകർഷണം. ട്രഷറർ റീത്ത സാഫിയോട്ടി അവതരിപ്പിച്ച തന്റെ മൂന്നാമത്തെ ബജറ്റിൽ ആരോഗ്യ, വിദ്യാഭ്യാസ, ഭവന മേഖലകൾക്കും വൻതുക വകയിരുത്തിയിട്ടുണ്ട്.

ജൂലൈ ഒന്ന് മുതൽ പശ്ചിമ ഓസ്‌ട്രേലിയയിലെ 2.1 ദശലക്ഷത്തിലധികം താമസക്കാർക്ക് ‘സർവീസ് ഡബ്ല്യുഎ’ (Service WA) ആപ്പ് വഴി ഈ തുകയ്ക്കായി അപേക്ഷിക്കാം. ഡ്രൈവിംഗ് ലൈസൻസ് നമ്പറും ബാങ്ക് വിവരങ്ങളും ആപ്പിൽ രേഖപ്പെടുത്തിയാൽ തുക നേരിട്ട് അക്കൗണ്ടിലെത്തും. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ഇന്ധന സഹായ പദ്ധതിയെന്ന് ട്രഷറർ ചൂണ്ടിക്കാട്ടി. തുടർച്ചയായ എട്ടാം വർഷവും സംസ്ഥാനം മിച്ച ബജറ്റാണ് (3.5 ബില്യൺ ഡോളർ) രേഖപ്പെടുത്തിയത്.

വിദ്യാഭ്യാസ മേഖലയിൽ, സ്കൂൾ കുട്ടികൾക്കുള്ള സഹായധനം ഈ വർഷവും തുടരും. പ്രൈമറി, കിന്റർഗാർട്ടൻ കുട്ടികൾക്ക് 150 ഡോളറും സെക്കൻഡറി വിദ്യാർത്ഥികൾക്ക് 250 ഡോളറുമാണ് നൽകുക. ഈ വർഷം മൂന്നാം ടേം മുതൽ തുക വിതരണം ചെയ്യും. കൂടാതെ, ആരോഗ്യ-മാനസികാരോഗ്യ സേവനങ്ങൾക്കായി 9.1 ബില്യൺ ഡോളറും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഇതിൽ 6.5 ബില്യൺ ഡോളർ ആശുപത്രി സേവനങ്ങൾക്കായി മാത്രം നീക്കിവെച്ചതാണ്.

ഭവന മേഖലയ്ക്കായി 4.7 ബില്യൺ ഡോളറാണ് വകയിരുത്തിയത്. യുവാക്കളെ ലക്ഷ്യമിട്ട് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് പരിധി 5 ലക്ഷം ഡോളറിൽ നിന്ന് 6 ലക്ഷം ഡോളറായി ഉയർത്തി. എന്നാൽ, വൈദ്യുതി, ജലം എന്നിവയുടെ ചാർജുകളിൽ 50 ഡോളറിലധികം വർധനവുണ്ടാകും. കാർ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള ചെലവുകളിൽ 35 ഡോളറിന്റെ വർധനവും പ്രതീക്ഷിക്കാം. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും പശ്ചിമ ഓസ്‌ട്രേലിയൻ കുടുംബങ്ങളെ സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റീത്ത സാഫിയോട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *