ഷാങ്ഹായിൽ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ്-2 മത്സരത്തിൽ ഇന്ത്യൻ വനിതാ റിക്കർവ് ടീം ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ 10 തവണ ഒളിമ്പിക് ചാമ്പ്യന്മാരായ ദക്ഷിണകൊറിയയെ 5-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ദീപിക കുമാരി, അങ്കിത ഭകത്, കുംകും മൊഹദ് എന്നിവരായിരുന്നു ഇന്ത്യൻ ടീമിൽ അംഗങ്ങൾ. മികച്ച ഏകോപനവും സ്ഥിരതയാർന്ന പ്രകടനവുമാണ് ഇന്ത്യൻ ടീമിന് നിർണായക ജയമൊരുക്കിയത്.
ഇതോടെ ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പായി. ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ആതിഥേയരായ ചൈനയാണ്. സ്വർണമെഡൽ മത്സരം ഞായറാഴ്ച നടക്കും. അതേസമയം, പുരുഷ റിക്കർവ് ടീം ആദ്യറൗണ്ടിൽ ബംഗ്ലാദേശിനോട് തോറ്റ് പുറത്തായി.

