ഇന്ത്യൻ റെയിൽവേയിൽ വൻ മാറ്റം; നവീകരിച്ച റിസർവേഷൻ സംവിധാനം ഓഗസ്റ്റ് മുതൽ നിലവിൽ വരും

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ യാത്രാ ടിക്കറ്റ് ബുക്കിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര റെയിൽവേ മന്ത്രാലയം. 40 വർഷം പഴക്കമുള്ള നിലവിലെ പാസഞ്ചർ റിസർവേഷൻ സംവിധാനം (PRS) നവീകരിച്ച് പുതിയ രൂപത്തിൽ ഓഗസ്റ്റ് മാസത്തോടെ പ്രവർത്തനസജ്ജമാകുമെന്ന് മന്ത്രാലയം അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ ലളിതവും വേഗത്തിലുമാക്കുകയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

2002-ൽ ഇന്റർനെറ്റ് അധിഷ്ഠിത ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ റെയിൽവേ ഡിജിറ്റൽ മേഖലയിലേക്ക് വലിയ ചുവടുവെപ്പുകൾ നടത്തിയിരുന്നു. എന്നാൽ, കാലപ്പഴക്കം ചെന്ന നിലവിലെ സെർവർ അധിഷ്ഠിത സംവിധാനങ്ങൾക്ക് പകരം കൂടുതൽ കാര്യക്ഷമമായ പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറാനാണ് റെയിൽവേയുടെ തീരുമാനം.

പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ യാത്രക്കാർക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും പിൻവലിക്കുന്നതിനും മറ്റുമുള്ള കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേയുടെ ഐ.ടി വിഭാഗമായ ക്രിസ് (CRIS) ആണ് പുതിയ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ പൂർത്തിയാക്കി ഓഗസ്റ്റോടെ ഇത് പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും

Leave a Reply

Your email address will not be published. Required fields are marked *