ഹോട്ടലിൽ സീറ്റ് കിട്ടിയില്ല; ജർമ്മൻ വിനോദസഞ്ചാരിക്ക് ഒരു ലക്ഷം രൂപയോളം നഷ്ടപരിഹാരം നൽകാൻ വിധി

ഹാനോവർ: ഗ്രീസിലെ ഹോട്ടലിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ജർമ്മൻ വിനോദസഞ്ചാരിക്ക് സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ടൂർ ഓപ്പറേറ്റർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഹോട്ടലിലെ സ്വിമ്മിംഗ് പൂളിന് സമീപം സൺ ലോഞ്ചറുകൾ (വിശ്രമ കസേരകൾ) ലഭിക്കാത്തതിനെ തുടർന്ന് ജർമ്മനിയിലെ ഹാനോവർ ജില്ലാ കോടതിയാണ് 986.70 യൂറോ (ഏകദേശം 90,000 രൂപയ്ക്ക് മുകളിൽ) നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

2024-ൽ ഗ്രീസിലെ കോസ് ദ്വീപിൽ ഭാര്യയും രണ്ട് മക്കളുമൊത്ത് അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. ഏകദേശം 7,000 യൂറോയിലധികം ചിലവഴിച്ചാണ് യാത്ര സംഘടിപ്പിച്ചത്. എന്നാൽ എല്ലാ ദിവസവും പുലർച്ചെ എഴുന്നേറ്റ് 20 മിനിറ്റോളം തിരഞ്ഞിട്ടും തനിക്കും കുടുംബത്തിനും ഇരിക്കാൻ ഒരിടം പോലും ലഭിച്ചില്ലെന്ന് ഇദ്ദേഹം കോടതിയിൽ വാദിച്ചു. മറ്റ് അതിഥികൾ നേരത്തെ തന്നെ കസേരകളിൽ ടവ്വലുകൾ വിരിച്ച് സീറ്റുകൾ കൈയടക്കുന്നതാണ് (Towel blocking) ഇതിന് കാരണമായത്.

ഹോട്ടൽ ജീവനക്കാരോട് പരാതിപ്പെട്ടിട്ടും സീറ്റ് കൈയടക്കുന്ന രീതി തടയാൻ അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും, ഒടുവിൽ തന്റെ മക്കൾക്ക് കോൺക്രീറ്റ് തറയിൽ കിടക്കേണ്ടി വന്നുവെന്നും ഇദ്ദേഹം കോടതിയെ ബോധിപ്പിച്ചു. വിനോദസഞ്ചാരികൾക്ക് കസേരകൾ ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ടൂർ ഓപ്പറേറ്റർക്കാണെന്ന് കോടതി നിരീക്ഷിച്ചു.

യൂറോപ്പിലെ പാക്കേജ് ടൂറുകളിൽ പതിവായുള്ള ‘ടവ്വൽ യുദ്ധം’ (Towel wars) എന്നറിയപ്പെടുന്ന ഈ തർക്കത്തിൽ കോടതിയുടെ ഇടപെടൽ അസാധാരണമാണ്. ജർമ്മനിയിലെ കർശനമായ പാക്കേജ് ട്രാവൽ നിയമങ്ങൾ അനുസരിച്ചാണ് ടൂർ ഓപ്പറേറ്റർ ഇതിന് ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തിയത്. ഹോട്ടലുകൾ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന അതിഥികളെ നിയന്ത്രിക്കണമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *