മുഖ്യമന്ത്രിയുടെ കാര്യത്തിൽ പുറത്തുവന്ന ചിത്രം വ്യാജം; തീരുമാനം ഞായറാഴ്ചയെന്ന് എഐസിസി നിരീക്ഷകർ

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകർ എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തള്ളി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും. പുറത്തുവന്നത് യഥാർത്ഥ രേഖയല്ലെന്നും തെറ്റായ വിവരങ്ങളാണ് അതിലുള്ളതെന്നും നിരീക്ഷകർ വ്യക്തമാക്കി. അതീവ ഗൗരവത്തോടെയാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്നും അന്തിമ പ്രഖ്യാപനം എപ്പോൾ വേണമെന്ന് ഹൈക്കമാൻഡിന് വ്യക്തമായ ധാരണയുണ്ടെന്നും മുകുൾ വാസ്നിക് അറിയിച്ചു.

യുഡിഎഫിന് ലഭിച്ച ഐതിഹാസിക വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ഔദ്യോഗിക നടപടികൾ ഊർജിതമായി നടക്കുകയാണ്. ഇന്നലെ ചേർന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ (CLP), മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തിക്കൊണ്ട് ഒറ്റവരി പ്രമേയം പാസാക്കി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് ഓരോ എംഎൽഎമാരുമായും നിരീക്ഷകർ നേരിട്ട് കൂടിക്കാഴ്ച നടത്തി അഭിപ്രായം ആരാഞ്ഞു.

എംഎൽഎമാരുടെ പിന്തുണയ്ക്ക് പുറമെ, ഘടകകക്ഷികളുടെ നിലപാടും പൊതുജനവികാരവും കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം എടുക്കുക. വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ചകളിൽ ഉയരുന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ വി ഡി സതീശനെ പിന്തുണയ്ക്കുന്നതായാണ് സൂചന. എന്നാൽ ഹൈക്കമാൻഡ് പ്രതിനിധി എന്ന നിലയിൽ കെ സി വേണുഗോപാലിനായും ഒരു വിഭാഗം വാദിക്കുന്നുണ്ട്.

എംഎൽഎമാരുടെയും നേതാക്കളുടെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്തി നിരീക്ഷകർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും. ശനിയാഴ്ച മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. ഞായറാഴ്ചയോടെ പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ചർച്ചകൾക്കിടെ വിവിധയിടങ്ങളിൽ നേതാക്കൾക്കായി നടന്ന പ്രകടനങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്നും ഉചിതമായ തീരുമാനം നേതൃത്വം കൈക്കൊള്ളുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *