പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് വേണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നൽകണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സാങ്കേതിക തടസങ്ങൾ പ്രശ്നമല്ലെന്നും, മുൻപും ഇത്തരം തടസങ്ങൾ മറികടന്ന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഐയിൽ നേതൃമാറ്റത്തിനുള്ള സാഹചര്യമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ മന്ത്രിമാരിൽ ഭൂരിഭാഗം പേരും വിജയിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും സിപിഐയും രണ്ട് വ്യത്യസ്ത പാർട്ടികളാണെന്നും സമീപന വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സിപിഎമ്മിന്റെ അവകാശമാണെന്നും സിപിഐ അതിൽ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട ആവശ്യം സിപിഐ ഉന്നയിക്കുമെന്നും സൂചന നൽകി.

ഇടത് നയവ്യതിയാനങ്ങൾ ഉണ്ടായപ്പോൾ സിപിഐ തിരുത്തൽ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും എലപ്പുള്ളി ബ്രൂവറി, പിഎംശ്രീ പദ്ധതി തുടങ്ങിയ വിഷയങ്ങൾ ഉദാഹരണമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എം.എ. ബേബിയുടെ “സഖാക്കൾക്ക് തുറന്നടിക്കാം” എന്ന പരാമർശത്തോടനുബന്ധിച്ച ചോദ്യത്തിന്, സിപിഐയിൽ എപ്പോഴും തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *