മുഖ്യമന്ത്രി ചര്‍ച്ചയില്‍ ജനവികാരവും പ്രധാനമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ എംഎൽഎമാരുടെ എണ്ണം മാത്രം പരിഗണിച്ചാകില്ല ഹൈക്കമാൻഡ് തീരുമാനം എടുക്കുകയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. ജനവികാരം, ഘടകകക്ഷികളുടെ അഭിപ്രായം, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയും നിർണായക ഘടകങ്ങളാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.

“എണ്ണം മാത്രമായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ നേരത്തെ തന്നെ പ്രഖ്യാപിക്കാമായിരുന്നു” എന്ന് മുരളീധരൻ പറഞ്ഞു. മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ഉപതെരഞ്ഞെടുപ്പ് നേരിടേണ്ട സാഹചര്യം ഉണ്ടാകുമോയെന്നും ഹൈക്കമാൻഡ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് മാത്രമല്ല, യുഡിഎഫാണെന്നും ഘടകകക്ഷികളുടെ നിലപാടിനും പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സീനിയോറിറ്റി മാത്രം പരിഗണിച്ചാകില്ല തീരുമാനം ഉണ്ടാകുകയെന്നും എംഎൽഎമാരുടെയും മുന്നണി ഘടകകക്ഷികളുടെയും പിന്തുണ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പോസ്റ്റർ-ഫ്ലക്സ് പ്രചാരണങ്ങൾ ശരിയല്ലെന്നും മുരളീധരൻ വിമർശിച്ചു. തന്റെ പേരിൽ ഫ്ലക്സ് സ്ഥാപിച്ചാൽ അത് താൻ പരസ്യമായി തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഡൽഹിയിൽ വിശാല യോഗം ചേരുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *