ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സംസ്ഥാനത്തെ 717 ടാസ്മാക് മദ്യശാലകൾ അടയ്ക്കാൻ നിർദേശം നൽകി. ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മദ്യശാലകളാണ് രണ്ടാഴ്ചയ്ക്കകം അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വിജയ് കൈക്കൊള്ളുന്ന ആദ്യ പ്രധാന ഭരണനടപടികളിലൊന്നായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. പൊതുജനാരോഗ്യവും സാമൂഹിക സുരക്ഷയും മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പൊതുസ്ഥലങ്ങൾക്കടുത്തുള്ള മദ്യശാലകൾ നിയന്ത്രിക്കുമെന്ന വാഗ്ദാനം ടിവികെ മുന്നോട്ടുവെച്ചിരുന്നു. പുതിയ തീരുമാനം ആ വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്.
ടാസ്മാക് ഔട്ട്ലെറ്റുകൾക്കെതിരെ വിവിധ സാമൂഹിക-മത സംഘടനകൾ നേരത്തെയും പ്രതിഷേധം ഉയർത്തിയിരുന്നു. സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപമുള്ള മദ്യവിൽപ്പനശാലകൾ സാമൂഹിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്ന പരാതികളും വ്യാപകമായിരുന്നു.

