അമേരിക്കൻ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ താവളം നൽകിയെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: അമേരിക്കൻ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനായി ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതായി റിപ്പോർട്ട്. റാവൽപിണ്ടിയ്ക്കു സമീപമുള്ള നൂർ ഖാൻ എയർബേസിലാണ് ഇറാൻ വിമാനങ്ങൾ പാർക്ക് ചെയ്തതെന്നാണ് റിപ്പോർട്ട്.

അമേരിക്ക–ഇറാൻ സംഘർഷത്തിനിടെ മധ്യസ്ഥന്റെ നിലപാട് സ്വീകരിച്ചിരുന്ന പാകിസ്ഥാൻ, മറുവശത്ത് ഇറാനെ സഹായിച്ചെന്ന ആരോപണമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. ഇറാന്റെ RC-130 നിരീക്ഷണ വിമാനം ഉൾപ്പെടെ നിരവധി സൈനിക വിമാനങ്ങൾ പാകിസ്ഥാനിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനങ്ങൾ നൂർ ഖാൻ താവളത്തിലേക്ക് മാറ്റിയതെന്നാണ് വിവരം. അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങളിൽ നിന്ന് ശേഷിച്ച സൈനിക ഉപകരണങ്ങൾ സംരക്ഷിക്കാനായിരുന്നു ഇറാന്റെ നീക്കമെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വിലയിരുത്തുന്നത്.

അതേസമയം, ആരോപണം പാകിസ്ഥാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. നൂർ ഖാൻ പോലുള്ള നഗരമധ്യത്തിലെ താവളത്തിൽ വലിയ തോതിൽ വിമാനങ്ങൾ പാർക്ക് ചെയ്താൽ അത് മറച്ചുവയ്ക്കാൻ കഴിയില്ല” എന്നാണ് ഒരു പാക് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

എന്നാൽ പിന്നീട് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തിൽ “ഇറാൻ വിമാനങ്ങൾ വെടിനിർത്തൽ കാലയളവിൽ എത്തിയതാണ്” എന്ന് വ്യക്തമാക്കിയതോടെ വിമാനങ്ങളുടെ സാന്നിധ്യം പരോക്ഷമായി സ്ഥിരീകരിച്ചുവെന്ന വിലയിരുത്തലും ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *